12:47am 27 May 2026
NEWS

20 വർഷത്തിന് ശേഷം അബ്ദുൽ റഹീം സൗദി അറേബ്യയിലെ തടവറയിൽ നിന്നും മോചിതനായി; ഉടൻ നാട്ടിലേക്ക്

26/05/2026  08:22 PM IST
nila
 20 വർഷത്തിന് ശേഷം അബ്ദുൽ റഹീം സൗദി അറേബ്യയിലെ തടവറയിൽ നിന്നും മോചിതനായി; ഉടൻ നാട്ടിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് അന്തിമ അനുമതി ലഭിച്ചു. മോചന ഉത്തരവിൽ ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചതോടെ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതിയുടെ ശ്രമം.

2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. തുടർന്ന് നടന്ന വിചാരണയിൽ റിയാദിലെ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ മോചനദ്രവ്യം (ദിയ ധനം) നൽകാനുള്ള ശ്രമങ്ങൾ വിജയിച്ചതിനെ തുടർന്ന് വധശിക്ഷ പിന്നീട് ഒഴിവാക്കുകയും മോചനത്തിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

ഏകദേശം 20 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് അബ്ദുൽ റഹീം സ്വാതന്ത്ര്യം വീണ്ടെടുക്കുന്നത്. അദ്ദേഹത്തിന്റെ മോചനം കുടുംബാംഗങ്ങൾക്കും സഹായപ്രവർത്തകർക്കും ഏറെ ആശ്വാസം പകരുന്നതാണ്.

2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img